സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം: കേന്ദ്രമന്ത്രിസഭായോഗം ഇന്ന്, സുപ്രധാന തീരുമാനങ്ങൾ?

 

ന്യൂഡൽഹി∙ നീറ്റ് പരീക്ഷ ക്രമക്കേടിന് എതിരായി നടന്ന പ്രക്ഷോഭത്തിൽ വിദ്യാർഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കും. പ്രതിപക്ഷ പ്രതിഷേധത്തിനിടലും നിയമനിർമാണങ്ങളുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ നീക്കം. ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. അടുത്തയാഴ്ച ചില പ്രധാന ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണു വിവരം.മണ്ഡല പുനർനിർണയത്തിനും വനിതാ സംവരണത്തിനുമുള്ള ബില്ലുകൾ കൂടി സർക്കാർ വീണ്ടും കൊണ്ടുവരുമോ എന്നതും പ്രധാനമാണ്. ഡിഎംകെയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയാൽ മാത്രമേ ബില്ല് പാസാക്കാൻ സർക്കാരിനാകൂ. ഇന്നലെ പരീക്ഷാ ഭേദഗതി ബിൽ വോട്ടിനിടുന്നതിനു മുമ്പ് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. എന്നാൽ ഡിഎംകെ സഭ ബഹിഷ്കരിച്ചില്ല. വോട്ടെടുപ്പിൽ പങ്കെടുത്ത ഡിഎംകെ, ഭേദഗതികൾ നിർദേശിക്കുകയായിരുന്നു.