നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാർ മറുപടി പറയണം.വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയത് ആരെന്ന് അമിത് ഷാ വ്യക്തമാക്കണം. മഫ്തിയിലെത്തി വിദ്യാർഥികളെ മർദിച്ചതാര്? ഇതിന് അനുമതി നൽകിയത് ആരെന്ന് വ്യക്തമാക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.
छात्रों को मारने का आदेश किसने दिया? pic.twitter.com/NDwfka1UqO
— Rahul Gandhi (@RahulGandhi) July 26, 2026
നീതിപൂർവ്വവും ഉത്തരവാദിത്തമുള്ളതുമായ വിദ്യാഭ്യാസ സംവിധാനം” ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതെന്നും എന്നാൽ അവർക്ക് അമിതമായ ബലപ്രയോഗമാണ് നേരിടേണ്ടിവന്നതെന്നും ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. ജൂലൈ 20നാണ് പൊലീസ് ആക്രമണം ഉണ്ടായത്.
നീതിപൂർവ്വവും ഉത്തരവാദിത്തമുള്ളതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് ഞങ്ങളുടെ വിദ്യാർഥികൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ അവരുടെ വാക്കുകൾ കേൾക്കുന്നതിന് പകരം, മാരകമായ ആയുധങ്ങളും കണ്ണീർവാതകവും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് സുരക്ഷാ സേന അവർക്കുനേരെ വിവേചനരഹിതമായ ബലപ്രയോഗം നടത്തുകയാണുണ്ടായത്,” രാഹുൽഗാന്ധി തന്റെ കത്തിൽ പറഞ്ഞു.
നൂറുകണക്കിന് വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു; വനിതാ വിദ്യാർഥികൾക്ക് നേരെ പൊലീസ് ആക്രമണമുണ്ടാവുകയും, അവരുടെ സ്വകാര്യ ഭാഗങ്ങളെ ലക്ഷ്യമിട്ട് ബോധപൂർവ്വം ആക്രമിക്കുകയും ചെയ്തുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.









