പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും അദ്ദേഹം നല്‍കി. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ടായിരുന്നു.

പുനീതിന്റെ പിതാവ് രാജ്കുമാറിന്റേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യവേ ഇന്നലെ രാവിലെയായിരുന്നു പുനീതിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ബെംഗളൂവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 46 വയസ്സായിരുന്നു. പുനീതിന്റെ പേഴ്സണല്‍ മാനേജര്‍ സതീഷാണ് മരണവാര്‍ത്ത പുറത്തു വിട്ടത്.

അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു. നടന്‍ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. അപ്പു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തുന്നത്. മുപ്പതോളം കന്നട ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്തു.