ഗർഭഛിദ്രത്തിന് 24 ആഴ്ച വരെ സമയമാകാം; കേന്ദ്ര നിയമഭേദഗതി നിലവിൽ വന്നു

 

ഗർഭഛിദ്രത്തിന് 24 ആഴ്ച വരെ സമയം അനുവദിച്ച് കേന്ദ്രനിയമഭേദഗതി നിലവിൽ വന്നു. ഇതിന് അനുസൃതമായി മെഡിക്കൽ ബോർഡുകൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നൽകിയിട്ടുള്ളത്.

20 ആഴ്ച വരെയുള്ള ഗർഭം ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് വെക്കാം. 24 ആഴ്ചക്കുള്ളിലാണെങ്കിൽ രണ്ട് ഡോക്ടർമാരുടെ നിഗമനം ആവശ്യമാണ്. ഗർഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും ഗർഭഛിദ്രം നടത്താനും അനുമതി ലഭിക്കും. പ്രത്യേക മെഡിക്കൽ ബോർഡാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധർ, റേഡിയോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നിവരാണ് ബോർഡിലെ അംഗങ്ങൾ. ചികിത്സിക്കുന്ന ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് ഈ സമിതി വിലയിരുത്തും.

ഗർഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങൾ നിയമപരമായ ആവശ്യങ്ങൾക്കല്ലാതെ വെളിപ്പെടുത്താൻ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ നൽകാനുള്ള വ്യവസ്ഥയുമുണ്ട്. ഗർഭനിരോധന മാർഗങ്ങളുടെ വീഴ്ചയെ തുടർന്നുണ്ടാകുന്ന ഗർഭം മാതാവിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടാലും 20 ആഴ്ചക്കുള്ളിൽ ഗർഭഛിദ്രം നടത്താം.