കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റി വെച്ചു. 20 ലേറെ പേർക്ക് പുതു ജീവനായി. കുവൈറ്റിലെ അവയവമാറ്റ ശസ്ത്രക്രിയാ കേന്ദ്രത്തിന്റെ ചെയർമാനും പ്രമുഖ അവയവ മാറ്റ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. മുസ്തഫ അൽ-മൗസാവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിഷ മദ്യം കഴിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച 12 പേരുടെ കുടുംബങ്ങളെ അവയവ ദാനത്തിനുള്ള അനുമതിക്കായി ബന്ധപ്പെട്ടതായും അതിൽ പത്ത് പേരുടെ കുടുംബങ്ങൾ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു. ഇത് വഴി 20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ ശേഖരിക്കാൻ കഴിഞ്ഞതായും ഡോ. മുസ്തഫ അൽ-മൗസാവി പറഞ്ഞു. എന്നാൽ പരിശോധനയ്ക്ക് ശേഷം പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയ ശ്വാസകോശം ഒഴികെയുള്ള എല്ലാ അവയവങ്ങളും മറ്റു രോഗികൾക്ക് മാറ്റിവച്ചു.
കുവൈറ്റിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ പദ്ധതി താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് അബുദാബിയിലേക്ക് അയച്ചാണ് കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത്. അതേസമയം ഹൃദയം, വൃക്ക മാറ്റി വെക്കൽ ശസ്ത്ര ക്രിയകൾ കുവൈറ്റിൽ വെച്ചാണ് നടത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ, കുവൈറ്റി രോഗികളിൽ മൂന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ബദർ അൽ-അയ്യദ് അറിയിച്ചു.
പല കേസുകളിലും, മരണമടഞ്ഞവരുടെ ബന്ധുക്കൾ രാജ്യത്തിന് പുറത്താണ് താമസിക്കുന്നത്. ഇതിനാൽ ബന്ധുക്കളുടെ അനുമതി ലഭിക്കുന്നതിനായി വീഡിയോ കോളുകളോ അല്ലെങ്കിൽ ഫോൺ വഴിയുള്ള ആശയവിനിമയമോ ആവശ്യമായി വന്നു. മറ്റ് ചില കേസുകളിൽ മരണമടഞ്ഞ വ്യക്തികളുടെ കുവൈറ്റിലെ അടുത്ത കുടുംബാംഗത്തെ നേരിട്ട് സമീപിച്ചു. മസ്തിഷ്ക മരണത്തിന്റ സ്ഥിരീകരണം കുടുംബം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞ ശേഷമാണ് ഡോക്ടർമാർ അവയവദാനത്തിന് അഭ്യർത്ഥിക്കുകയും ശസ്ത്രക്രിയയുമായി മുന്നോട്ട് പോകുകയും ചെയ്തത്.കഴിഞ്ഞ ഓഗസ്റ്റ് മാസം ആണ് രാജ്യത്ത് വിഷ മദ്യം കഴിച്ചതിനെ തുടർന്ന് 23 പേർ മരിച്ചത്. ലഭ്യമായ വിവരങ്ങൾ പ്രകാരം 6 മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരും ദുരന്തത്തിൽ മരിച്ചിരുന്നു. ദുരന്തത്തെ തുടർന്ന് 160 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.