തിരുവനന്തപുരം: കെ- റെയില്‍ പദ്ധതിയെ യു.ഡി.എഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ- റെയിൽ സിൽവർ ലൈൻ അശാസ്ത്രീയമാണെന്നും കേരളത്തെ ഇത് രണ്ടായി വിഭജിക്കുമെന്നും പറഞ്ഞ അദ്ദേഹം ബദല്‍ പദ്ധതിവേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പദ്ധതി സുതാര്യമല്ല, ആനുപാതിക ഗുണം ലഭിക്കില്ല. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം, അതിവേഗ റെയിലടക്കം വൻകിട പദ്ധതികൾക്ക് യു.ഡി.എഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നഷ്ടപരിഹാരം 50,000 എന്നത് അപര്യാപ്തമാണ്. പ്രായം നോക്കി അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപവരെ നൽകണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നഷ്ടപരിഹാര തുക നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമുദായിക ഐക്യത്തിന് ചർച്ചകൾ തുടരും. സംഘർഷം നീണ്ടു പോകട്ടെയെന്ന് സർക്കാരും സി.പി.എമ്മും ആഗ്രഹിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി നടത്തിയ വിഭാഗീയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഭിന്നിപ്പ്. സർവകക്ഷി യോഗം വിളിക്കില്ലെന്ന സർക്കാർ നിലപാട് എന്തുകൊണ്ടെന്നറിയില്ല. പ്രശ്ന പരിഹാരത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണെന്നും വി.ഡി സതീശന് പറഞ്ഞു.