കെ റെയിൽ പദ്ധതി അപ്രായോഗികം, കേരളത്തെ കീറിമുറിക്കുമെന്നും യുഡിഎഫ് ഉപസമിതി റിപ്പോർട്ട്

 

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ്. പരിസ്ഥിതിക്ക് വൻ ദോഷം ഉണ്ടാക്കുന്ന പദ്ധതി കേരളത്തെ നെടുകെ മുറിക്കുമെന്ന് യുഡിഎഫ് ഉപസമിതി ആരോപിക്കുന്നു. എംകെ മുനീർ അധ്യക്ഷനായ സമിതിയാണ് യുഡിഎഫ് നേതൃത്വത്തിന് റിപ്പോർട്ട് നൽകിയത്. ഇത് വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും

ഒരു കാലത്തും ലാഭത്തിലെത്താത്ത, സംസ്ഥാനത്തിന് വൻബാധ്യതയും കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്നതുമായ പദ്ധതിയെന്നാണ് യുഡിഎഫ് ഉപസമിതി ഇതിനെ വിലയിരുത്തുന്നത്. അതിവേഗം സഞ്ചരിക്കാൻ നിരപ്പായ സ്ഥലത്ത് നാല് മീറ്ററും ചതുപ്പിൽ പത്ത് മീറ്ററും ഉയരത്തിൽ മണ്ണിട്ട് നിരത്തിയുള്ള പാളം നിർമാണം കേരളത്തിലെ കീറിമുറിക്കും

നദികളുടെ ഒഴുക്കിന് തടയിടും. 63,000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കിൽ ചെലവ് ഒന്നേകാൽ ലക്ഷം കോടിയിലേറെ വരും. കെ റെയിൽ പദ്ധതിക്ക് പാരിസ്ഥിതിക പഠനം വേണ്ടെന്ന് കേന്ദ്രസർക്കാർ ഗ്രീൻ ട്രൈബ്യൂണലിൽ അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പാരിസ്ഥിതിക പ്രശ്‌നം ആരോപിച്ച് പദ്ധതി പിൻവലിപ്പിക്കാൻ യുഡിഎഫ് ശ്രമിക്കുന്നത്.