കാശ്മീരിലേക്ക് വൻ നുഴഞ്ഞുകയറ്റ ശ്രമം; ഉറിയിൽ 30 മണിക്കൂറിലേറെയായി സൈന്യം തെരച്ചിൽ തുടരുന്നു

 

ജമ്മു കാശ്മീരിലേക്ക് വൻ നുഴഞ്ഞുകയറ്റ ശ്രമം. ആയുധധാരികളായ ആറംഗ സംഘമാണ് പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഭീകരർക്കായി ഉറി സെക്ടറിൽ കഴിഞ്ഞ 30 മണിക്കൂറിലേറെയായി തെരച്ചിൽ തുടരുകയാണ്. ഉറി സെക്ടറിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ നിർത്തിവെച്ചു

നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെ ഒരു സൈനികന് പരുക്കേറ്റു. അതേസമയം നുഴഞ്ഞുകയറിയവർ ഇന്ത്യൻ അതിർത്തിയിലേക്ക് കയറിയോ അതോ തിരിച്ചുപോയോ എന്ന കാര്യം സൈന്യം വ്യക്തമാക്കിയിട്ടില്ല. 19 സൈനികർ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷിക ദിനമായ ശനിയാഴ്ചയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്.

അതേസമയം പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് വെടിവെപ്പോ പ്രകോപനപരമായ നീക്കമോ നടന്നിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം പറയുന്നു. നുഴഞ്ഞുകയറിയവരെ കണ്ടെത്തുന്നതിനുള്ള നീക്കം ഉറി സെക്ടറിൽ 30 മണിക്കൂറായി തുടരുകയാണെന്നും സൈന്യം അറിയിച്ചു.