സുനീഷയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ല; ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് കഴിച്ചത്

കണ്ണൂർ: ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പയ്യന്നൂർ കോറോം സ്വദേശിനി സുനീഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സുനീഷയെ ഭർത്താവ് വിജീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് വല്യമ്മ ദേവകി വെളിപ്പെടുത്തുന്നു. സുനീഷയ്ക്ക് വീട്ടുകാർ ഭക്ഷണം പോലും കൊടുത്തിരുന്നില്ലെന്നാണ് വെളിപ്പെടുത്തൽ. സുനീഷ രണ്ട് മാസമായി ഭക്ഷണം കഴിച്ചിരുന്നത് ഹോട്ടലിൽ നിന്നും പാഴ്‌സൽ വാങ്ങിയായിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് വിളിക്കാൻ പോലും യുവതിക്ക് അനുവാദമില്ലായിരുന്നുവെന്നും ദേവകി പറയുന്നു.

അതേസമയം, ഭർത്താവും കുടുംബവും തന്നെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന് പെൺകുട്ടി സഹോദരന് അയച്ച സന്ദേശത്തിൽ വ്യക്തമായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ ഗാർഹിക പീഡനം നേരിട്ടെന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നാണ് ഓഡിയോ സന്ദേശത്തിൽ സുനീഷ പറയുന്നത്. സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭർത്താവിനെതിരായ യുവതിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഭർത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഭർത്താവിന്‍റെ മാതാപിതാക്കളും മർദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.

ഭർതൃഗൃഹത്തിലെ പീഡനമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് സുനീഷയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓഡിയോ പുറത്തുവരുന്നത്. ഒന്നര വർഷം മുൻപായിരുന്നു സുനീഷയുടേയും വിജീഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കൾ സുനീഷയുമായി അകൽച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനീഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനീഷ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ നിരവധി തവണ സുനീഷയെ കാണാൻ ശ്രമിച്ചെങ്കിലും ഭർതൃവീട്ടുകാർ കാണിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് വിജീഷിന്റെ വീട്ടുകാർക്കെതിരെ സുനിഷയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ചെയ്തത്. ഇതിനു പിന്നാലെ വീണ്ടും തന്നെ അടിച്ചുവെന്നാണ് യുവതി തന്റെ ഓഡിയോ സന്ദേശത്തിൽ പറയുന്നത്.