കര്‍ഷക പ്രക്ഷോഭത്തിനെതിരെ ലാത്തി ചാര്‍ജ്ജ്: കര്‍ഷകര്‍ ദേശീയപാത ഉപരോധിക്കുന്നു

 

കര്‍നാല്‍: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് ലാത്തി ചാര്‍ജ്ജ്. ഹരിയാനയിലെ കര്‍നാലില്‍ ആണ് കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത്. പത്ത് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ലാത്തി ചാര്‍ജ്ജിനെ തുടര്‍ന്ന് ഇവിടം സംഘര്‍ഷ ഭൂമിയായി. തുടര്‍ന്ന് കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങി.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തെന്നും പരിക്കേറ്റ കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.