അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്ത് അഷ്‌റഫ് ഗനി; സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടത്

മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്തു. അബുദാബിയിൽ നിന്നാണ് രാജ്യം വിട്ടതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടതെന്ന് അഷ്‌റഫ് ഗനി പറഞ്ഞു.

താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചാനെ. താലിബാന്റെ ലക്ഷ്യം താനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്നെ വിമർശിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്. സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കും കൂടിയലോചനകൾ തുടരുമെന്നും അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോദന ചെയ്തുകൊണ്ട് പറഞ്ഞു.

അതേസമയം , കാബൂളിൽ നിന്ന് പണം കടത്തിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. നടക്കുന്നത് നുണപ്രചാരണം. വാർത്തകൾ അടിസ്ഥാനരഹിതം. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി.

ഇതിനിടെ അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്കയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയാണ് അഷ്‌റഫ് ഗനിയെ സ്വാഗതം ചെയ്തതെന്ന് യു എ ഇ വ്യക്തമാക്കി.

അഷ്‌റഫ് ഗനി കാബൂളില്‍നിന്ന് താജിക്കിസ്താൻ,ഒമാൻ എന്നിവിടങ്ങളിലേക്ക് പോയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് അഷ്‌റഫ് ഗനിയും കുടുംബവും യു എ ഇ യിൽ ഉണ്ടെന്നും അവർക്ക് അഭയം നൽകിയതായും വാർത്താകുറിപ്പിലൂടെ ഔദ്യോഗീകമായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്‌.