കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; സ്ത്രീകളടക്കം ഏഴ് പേർ പിടിയിൽ

 

കൊച്ചിയിൽ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘം പിടിയിൽ. എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് സ്ത്രീകളടക്കം ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്

എംഡിഎംഎ, എൽ എസ് ഡി, ലഹരിഗുളികകൾ എന്നിവ ഇവരിൽ നിന്ന് പിടികൂടി. ഇതിനെല്ലാം കൂടി ഒരു കോടി രൂപ വില വരും. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സൽ, തൈബ എന്നിവരാണ് പിടിയിലായത്.

മൂന്ന് വിദേശ നായ്ക്കളെയും ഫ്‌ളാറ്റിൽ നിന്ന് പിടികൂടി.  ചെന്നൈയിൽ നിന്ന് ആഡംബര കാറുകളിലാണ് ഇവർ മയക്കുമരുന്ന് കടത്തിയിരുന്നത്. കുടുംബസമേതം എന്ന രീതിയിലാണ് ഇവർ വന്നിരുന്നത്. സ്ത്രീകളാണ് ക്യാരിയർമാരായി പ്രവർത്തിക്കുന്നത്.