കോവിഡ് മരണം ബന്ധുക്കളെ അറിയിച്ചില്ല: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ മാറ്റി

ആലപ്പുഴ: കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ പരാതി. രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിക്കുന്നതെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍.വി രാംലാലിനെ മാറ്റി. പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നിട്ടും മരണം അറിയിച്ചില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും നടന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

കൊല്ലം കാവനാട് വാലുവിള ദേവദാസ് (58), ചെങ്ങന്നൂര്‍ പെണ്ണുക്കര കവിണോടിയില്‍ തങ്കപ്പന്‍ (68) എന്നിവരുടെ മരണ വിവരമാണ് ബന്ധുക്കളെ അറിയിക്കാതിരുന്നത്. ഇവരില്‍ തങ്കപ്പന്‍ മരിച്ചത് 10-ാം തീയതിയും ദേവദാസ് മരിച്ചത് 12-ാം തീയതിയുമായിരുന്നു. എന്നാല്‍ ഇരുവരുടെയും മരണ വിവരം 14-ാം തീയതിയാണ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് അന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.