അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിന് അനുവദിക്കണം: പെൺകുട്ടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: പിതാവിനൊപ്പം ശബരിമലയിൽ പോകാൻ അനുവദിക്കണമെന്ന ഒന്‍പതുകാരിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. വാക്‌സിന്‍ എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും കുട്ടികള്‍ക്കും ഭാഗമാകാമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

ഓഗസ്റ്റ് 23ന് പിതാവിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി തേടിയാണ് ഒന്‍പതുകാരി ഹൈക്കോടതിയെ സമീപിച്ചത്. പത്തു വയസ്സിന് മുമ്പു തന്നെ ശബരിമല ദര്‍ശനം നടത്താന്‍ കുട്ടി ആഗ്രഹിക്കുന്നതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പത്തു വയസ്സ് പൂർത്തിയായാല്‍ പിന്നെ ദര്‍ശനത്തിന് നാലു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവരുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഇതു സംബന്ധിച്ച് ഏപ്രിലില്‍ കോടതി മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജി അനുവദിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡപ്രകാരവും ഹര്‍ജി അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.