പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കിയിരിക്കുന്നു. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് സന്നിധാനത്ത് എത്താൻ കഴിയുന്നതാണ്.
ശനി, ഞായര്‍ ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് വരെ ദര്‍ശനത്തിന് അനുമതി നൽകി. ഇത് നാലായിരമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്.
ദേവസ്വം ബോര്‍ഡ് പ്രതിദിനം 10000 പേരെ അനുവദിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇതിനെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.