ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് എത്താന്‍ സാധിക്കാത്ത ഭക്തര്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ പുതിയ പദ്ധതിയുമായി ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും .ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫിസ് വഴി പ്രസാദം ബുക്ക് ചെയ്യാന്‍ സാധിക്കും. പണം അടച്ചാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പ്രസാദം തപാലില്‍ വീട്ടില്‍ ലഭിക്കും. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞള്‍, കുങ്കുമ പ്രസാദം തുടങ്ങിയവയാണ് പായ്ക്കറ്റില്‍ ഉണ്ടാകുക. വില വിവരങ്ങള്‍ ഇനിയും നിശ്ചയിച്ചിട്ടില്ല.
ഇതേതുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി തുടങ്ങിയവര്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലുമായി ചര്‍ച്ച നടത്തുകയുണ്ടായി. ചീഫ് സെക്രട്ടറി തലത്തില്‍ എടുത്ത തീരുമാനം അനുസരിച്ച് സാധാരണ ദിവസങ്ങളില്‍ 1000, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 ,തീര്‍ഥാടനത്തിന്റെ പ്രധാന ദിവസങ്ങളില്‍ 5000 പേര്‍ എന്നതാണ് കണക്ക്. ഇതില്‍ ചെറിയ മാറ്റം വരാന്‍ സാധ്യത ഉണ്ട്. എങ്കിലും നല്ലൊരു ഭാഗം തീര്‍ഥാടകര്‍ക്കും എത്താന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നത്. അതിനാലാണ് ഭക്തര്‍ക്ക് തപാലില്‍ പ്രസാദം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ തയ്യാറായത്.