തിരുവനന്തപുരം: ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചിങ്ങമാസ പൂജ പൂര്‍ത്തിയാക്കി കഴിഞ്ഞ 22നായിരുന്നു ശബരിമല ക്ഷേത്രം അടയ്ച്ചത്. ഓണനാളുകളിലെ പൂജകള്‍ക്കായി 29 ന് വൈകിട്ട് 5 ന് വീണ്ടും തുറക്കും. 30 ന് ഉത്രാടപൂജ, 31 ന് തിരുവോണ പൂജ, സെപ്തംബര്‍ 1ന് അവിട്ടം, 2 ന് ചതയം പൂജകള്‍. രാത്രി 7.30 ന് നട അടയ്ക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ നിലവില്‍ പ്രവേശിപ്പിക്കുന്നില്ല.
ഇതിനകം എഴുപത് കോടിയിലേറെ രൂപയുടെ വരുമാനനഷ്ടം നേരിട്ട ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിമിതമായ തോതിലെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വൃശ്ചികം ഒന്നായ നവംബര്‍ പതിനാറിനാണ് മണ്ഡലകാലം തുടങ്ങുന്നത്.