രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ റേഞ്ചര്‍ ഇനി സ്വന്തം നാട്ടില്‍ ഡിഎഫ്ഒ

കല്‍പറ്റ: രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഫോറസ്റ്റ് റേഞ്ചര്‍ ആയി ചരിത്രത്തിലിടം നേടിയ എ ഷജ്‌ന സൗത്ത് വയനാട് ഡിഎഫ്ഒ ആയി ചുമതലയേറ്റു. നിലവിലെ സൗത്ത് വയനാട് ഡി എഫ് ഒ പി രഞ്ജിത്ത് കോഴിക്കോട് ഡി എഫ് ഒ ആയി സ്ഥലം മാറിയ ഒഴിവിലേക്കാണ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന എ ഷജ്‌ന ചുമതലയേറ്റത്. മാനന്തവാടി സ്വദേശിനിയാണ് ഷജ്‌ന. ഭര്‍ത്താവ് അബ്ദുല്‍ കരീം മാനന്തവാടി സിഐ ആണ്. ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിച്ച മാനന്തവാടിയിലെ എക്കണ്ടി അബ്ദുല്ല യുടെ മകളാണ്.

ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദമടക്കമുള്ള ഉപരി പഠന യോഗ്യതകളുള്ള ഷജ്‌ന 2007 ലാണ് ഇന്ത്യയിലെ ആദ്യ വനിതാ ഫോറസ്റ്റ് റേഞ്ചര്‍ ആയി നിയമിതയായത്. സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലായിരുന്നു പ്രഥമ നിയമനം. തോല്‍പെട്ടി വന്യ ജീവി സങ്കേതത്തിലടക്കം സംസ്ഥാനത്തെ പ്രധാന വനമേഖലകളില്‍ റേഞ്ചചറായി സേവനമനുഷ്ഠിച്ചു.

2015ല്‍ ഡിഎഫ്ഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലായിരുന്നു ആദ്യ നിയമനം. ഇതാദ്യമായാണ് വയനാട്ടുകാരിയായ ഒരു വനിത സൗത്ത് വയനാട് ഡി എഫ് ഒ ആയി ചുമതലയേല്‍ക്കുന്നത്.