Headlines

PMAY പദ്ധതി പ്രകാരം വീട് അനുവദിച്ചു, പക്ഷേ വനംവകുപ്പ് എന്‍ഒസി ലഭിക്കുന്നില്ല; ഇടുക്കിയില്‍ നിരാഹാര സമരവുമായി അര്‍ബുദ രോഗിയായ വീണാ ഷാജി

PMAY പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ക്യാന്‍സര്‍ രോഗിയായ വീട്ടമ്മയുടെ നിരാഹാര സമരം. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്‍പില്‍ ആണ് വീണ ഷാജി നിരാഹാര സമരം നടത്തുന്നത്. വനംവകുപ്പിന്റെ എന്‍ഒസി ലഭിക്കാത്തതിനാലാണ് പെര്‍മിറ്റ് നല്‍കാത്തതെന്ന് പഞ്ചായത്ത് വിശദീകരിക്കുന്നു

കാഞ്ചിയാര്‍ കോഴിമലയില്‍ 40 വര്‍ഷമായി സ്ഥിരതാമസക്കാരിയാണ് വീണ ഷാജി. വിധവയും ക്യാന്‍സര്‍ രോഗിയും നിര്‍ധനയുമായ വീണയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് പി എം എ വൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. ഇവര്‍ സ്ഥിരതാമസകാരിയാണെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പഞ്ചായത്ത് പെര്‍മിറ്റ് അനുവദിക്കുന്നില്ലന്നാണ് പരാതി.

വില്ലേജിലെ രേഖയില്‍ ഇവര്‍ ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലം വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദിവാസി സെറ്റില്‍മെന്റ് ഭൂമിയില്‍ ജനറല്‍ വിഭാഗത്തിന് വീട് അനുവദിക്കരുതെന്ന കോഴിമല രാജാവിന്റെ പരാതിയും വനംവകുപ്പിന്റെ നിലപാടുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.