കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു

 

തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് നാളികേര വികസന ബോർഡിലേക്ക് സുരേഷ് ​​ഗോപിയെ തെരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി നിർവഹിക്കാൻ യോ​ഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പാസാക്കിയത്.

അതേസമയം, സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. നാളികേര വികസന ബോർഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണെന്നും സഹകരണ പ്രസ്ഥാനങ്ങളെ അനധികൃത ഭരണകൂട ഇടപെടലുകളിലൂടെയും അക്രമത്തിലൂടെയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടമെന്നും കെ സുധാകരന്‍ പറഞ്ഞു.