സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും ആന്‍റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുമാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദര്‍ (71) ഇന്ന് രാവിലെയാണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. 19ന് ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാല്‍ ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല.

കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള ആളായിരുന്നു അബ്ദുള്‍ ഖാദര്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും അബ്ദുള്‍ ഖാദറിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കുക.

ആന്‍റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയും മരിച്ചു. കുമ്പള പി.കെ നഗര്‍ സ്വദേശി അബ്ദുറഹ്മാന്‍ ആണ് മരിച്ചത്.