28 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി: ആശയവിനിമയം നഷ്ടപ്പെട്ടെന്ന് അധികൃതര്‍

 

മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതര്‍ അറിയിച്ചു.

റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട AN-26 എന്ന യാത്രാ വിമാനമാണ് കാണാതായത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനം കടലില്‍ പതിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം കണ്ടെത്താനായി കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലും നടക്കുന്നുണ്ട്.

ഒരുകാലത്ത് വിമാനാപകടങ്ങള്‍ക്ക് പേരുകേട്ട രാജ്യമായിരുന്നു റഷ്യ. ചെറുതും വലുതുമായ നിരവധി വിമാനാപകടങ്ങള്‍ക്കാണ് റഷ്യ സാക്ഷിയായിട്ടുള്ളത്. റഷ്യയിലെ എയര്‍ക്രാഫ്റ്റുകളുടെ പരിപാലനവും സുരക്ഷാ പരിശോധനകളുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 2019 മെയ് മാസമുണ്ടായ ഒരു വിമാനാപകടത്തില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2018ലുണ്ടായ മറ്റൊരു അപകടത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു.