അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ്

 

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കി.

കൂടുതൽ വിവരം ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം. സ്വർണക്കടത്തിന് ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചതായി കസ്റ്റഡി റിപ്പോർട്ടിൽ കസ്റ്റംസ് പറയുന്നുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നും അതിനാൽ അർജുനെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നുമാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.