സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
സ്വപ്നയെയും സന്ദീപിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. എൻ ഐ എയുടെ പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.
കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ഇന്നലെ ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളം നേരമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വപ്നയോടും സരിത്തിനോടും സുഹൃദ് ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് ശിവശങ്കർ മൊഴി നൽകി
സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസ്സിനെ കുറിച്ച് മറ്റ് ഇടപാടുകളെ കുറിച്ചോ അറിവില്ലായിരുന്നുവെന്നും ശിവശങ്കർ മൊഴി നൽകി.