തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില് പൊലീസ് കേസെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ നേരത്തെ തന്നെ അവിടെ ഏർപ്പെടുത്തേണ്ടതായിരുന്നു അതിലാണ് വീഴ്ച പറ്റിയത്, അതിൽ കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു
എൻട്രൻസ് പരീക്ഷ എഴുതാൻ പട്ടം സെന്റ് മേരീസ് സ്കൂളിൽ വന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു, വിദ്യാർത്ഥികളെ വീടുകളിൽ അടക്കം വിളിച്ച് അന്വേഷിക്കുന്നു എന്ന പരാതി വന്നിട്ടുണ്ട്. സർക്കാർ അറിയിച്ചത് അനുസരിച്ച് പരീക്ഷ എഴുതാൻ വന്നവരാണ്, ആൾക്കൂട്ടമുണ്ടായി എന്നത് സത്യമാണ് പക്ഷെ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
“അതുമായി ബന്ധെപെട്ടു സാധാരണഗതിയിൽ ആലോചിച്ചാൽ വിദ്യാർത്ഥികൾ അല്ല അതിന് ഉത്തരവാദികൾ ആയിട്ട് വരുന്നത്. ഗേറ്റിലൂടെ വരുന്ന ചിത്രമാണ് നമ്മൾ കണ്ടത്. സ്വാഭാവികമായും പരീക്ഷ കഴിഞ്ഞ് കുട്ടികൾ ഒന്നിച്ച് ഇറങ്ങി വരും എന്നത് ഊഹിക്കാവുന്നതാണ്. അതിനുള്ള നിയന്ത്രണങ്ങൾ നേരത്തെ തന്നെ അവിടെ ഏർപ്പെടുത്തേണ്ടതായിരുന്നു. അതിലാണ് വീഴ്ച പറ്റിയത്, അതിൽ കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്. എന്താണ് എന്ന് പരിശോധിക്കാം പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാം.” മുഖ്യമന്ത്രി പറഞ്ഞു.