Headlines

‘ബിസ്മീറിന് പ്രാഥമിക ചികിത്സയും ഓക്‌സിജനും നല്‍കി, രാത്രിയില്‍ ഗ്രില്‍ അടച്ചിട്ടത് രോഗികളുടെ സുരക്ഷയ്ക്കായി’; വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട്

വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് ഡോ. രമ രംഗത്ത്. ബിസ്മീറിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നുവെന്നും ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സിലാണ് ഇദ്ദേഹത്തെ അയച്ചതെന്നും ആശുപത്രി സൂപ്രണ്ട് ട്വന്റിഫോറിനോട് പറഞ്ഞു. രാത്രിയില്‍ ഗ്രില്‍ അടച്ചിട്ടത് രോഗികളേയും ആശുപത്രി ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും ഡോ. രമ പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡിനെയോ അറ്റന്‍ഡറേയോ നിയമിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. (vilappilsala government hospital superintendent on bismeer’s death).ശ്വാസംമുട്ടലുമായി എത്തിയ രോഗിയെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിക്കുകയും പ്രാഥമിക ചികിത്സയും കുത്തിവയ്പ്പും നല്‍കിയെന്നുമാണ് ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുന്നത്. രോഗിയ്ക്ക് ഓക്‌സിജന്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു. ആംബുലന്‍സിലും ഓക്‌സിജന്‍ സംവിധാനമുണ്ടായിരുന്നു. ഗ്രില്‍ അടച്ചിട്ടത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ്. സെക്യൂരിറ്റിയെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും ഡോ. രമ കൂട്ടിച്ചേര്‍ത്തു.തന്റെ ഭര്‍ത്താവിന് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നും ആവര്‍ത്തിച്ച് നിലവിളിച്ചപ്പോഴാണ് ഓക്‌സിജന്‍ ഉള്‍പ്പെടെ നല്‍കിയതെന്നുമായിരുന്നു ബിസ്മീറിന്റെ ഭാര്യയുടെ ആരോപണം. ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ആവര്‍ത്തിച്ച് നിലവിളിച്ചപ്പോഴാണ് സെക്യൂരിറ്റി എത്തി ഗേറ്റ് തുറന്നത്. രക്ഷിക്കണേ എന്ന് പറഞ്ഞ് ഭര്‍ത്താവ് നിലവിളിക്കുകയായിരുന്നുവെന്നും ജാസ്മിന്‍ ആരോപിച്ചിരുന്നു. അതേസമയം വിഷയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.