ഒളിമ്പിക്സ് നടത്തിയാൽ കൊവിഡ് ഒളിമ്പിക്സ് വകഭേദം രൂപപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ഡോക്ടർമാർ
ടോക്യോ ഒളിമ്പിക്സ് നടത്തരുതെന്ന അഭ്യർത്ഥനയുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാൽ അത് പുതിയ കൊവിഡ് വകഭേദത്തിനു കാരണമാകുമെന്നും അത് വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം നടത്താനിരുന്ന ഒളിമ്പിക്സ് കൊവിഡ് ബാധയെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്.
ഒളിമ്പിക്സ് നടത്തിയാൽ ലോകത്തിൻ്റെ പല ഭാഗത്തുനിന്നുള്ള ആളുകൾ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയിൽ പല കൊവിഡ് വകഭേദങ്ങൾ കൂടിക്കലരും. ഇത് പുതിയ വകഭേദത്തിനു വഴിതുറക്കും. അതിന് ഒളിമ്പിക്സ് വകഭേദം എന്നാവും പേര്. അത് വലിയ ദുരന്തമായിരിക്കും. 100 വർഷം വരെ അതിൻ്റെ പേരിൽ നമ്മൾ പഴി കേൾക്കേണ്ടി വരുമെന്നും ഡോക്ടർമാരുടെ സംഘടന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള ആശങ്കയെ തുടർന്ന് ടോക്യോ ഒളിമ്പിക്സിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയിരുന്നു. രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടർന്ന് 1988 ലെ സോൾ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്സിൽ പങ്കെടുക്കാതെയിരിക്കുന്നത്.
ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയിരുന്നു. വിദേശ കാണികൾ ഒളിമ്പിക്സിനെത്തിയാൽ കൊവിഡ് വ്യാപന ഭീഷണി വർധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. നിരവധി രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് ബാധ നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വിദേശ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത് സുരക്ഷിതമായിരിക്കില്ല എന്നുമാണ് കണക്കുകൂട്ടൽ.