Headlines

നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവം; യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തു

കോഴിക്കോട് നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് നാദാപുരം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തിൽ, എൽ.ഡി.എഫിന് അനുകൂലമായി സെക്രട്ടറി യു.ഡി.എഫ് വോട്ടുകൾ തള്ളുകയും എൽ.ഡി.എഫ് വോട്ടുകൾ കൂട്ടിച്ചേർക്കുകയും ഹിയറിംഗിന് വരുന്നവരുടെ വാദം കേൾക്കുന്നില്ലെന്നുമായിരുന്നു യു.ഡി.എഫ് ആരോപണം. ഉപരോധത്തിനിടയിൽ പ്രവർത്തകർ പഞ്ചായത് സെക്രട്ടറിയോട് കയർക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പി.സി. രമേശൻ നാദാപുരം പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ സമാന ആരോപണവുമായി എൽ.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ സെക്രട്ടറി വോട്ടർ പട്ടിക അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് എൽ.ഡി.എഫ് മാർച്ച് നടത്തിയത്.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് കുറച്ച് ദിവസമായി നാദാപുരത്ത് ഇരുപക്ഷവും കൊമ്പ് കോർക്കൽ തുടങ്ങിയിട്ട്. 18 കാരിയെ വിവാഹിതയാക്കി വോട്ട് തള്ളാൻ നൽകിയും മറ്റൊരാളെ മരിച്ചെന്ന് ചൂണ്ടിക്കാട്ടി വോട്ട് തള്ളിക്കാൻ അപേക്ഷ നൽകിയതുമുൾപ്പെടെ നിരവധി രാഷ്ട്രീയ നാടകങ്ങളാണ് നാദാപുരത്ത് വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് അരങ്ങേറിയത്.