യാസ് ചുഴലിക്കാറ്റ്: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ ബംഗാളിലും ഒഡിഷയിലും സന്ദർശനം നടത്തും
യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളിലും ഒഡിഷയിലും സന്ദർശനം നടത്തും. യാസ് ചുഴലിക്കാറ്റിൽ ഒഡിഷയിലും പശ്ചിമബംഗാളിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. ദുരന്ത ബാധിത മേഖലകളിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും. അതിനു ശേഷമായിരിക്കും കേന്ദ്രസഹായം ഉൾപ്പെടെ പ്രഖ്യാപിക്കുക.
ന്യൂനമർദ്ദമായി മാറിയെങ്കിലും ജാർഖണ്ഡിൽ യാസ് കനത്ത നാശം വിതച്ചു. ഈസ്റ്റ് – വെസ്റ്റ് സിംഗ്ഭൂ, സിംദെഗ, സറായ് ഖേല – കർസവാൻ, റാഞ്ചി, മേഖലകളിലായി 8 ലക്ഷത്തോളം പേരെ തീവ്രമഴയും കാറ്റും ബാധിച്ചു. 12000 ഓളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബോക്കാറോയിൽ ഇടിമിന്നറ്റ് ഒരാൾ മരിച്ചു. സംസ്ഥാനത്തെ മുഴുവൻ നദികളും അപകടനിലക്ക് മുകളിലാണ്. ജാർഖണ്ഡ്, ഒഡിഷ, ബംഗാൾ, യുപി എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയും കാറ്റും തുടരുകയാണ്.