വയനാട്: വയനാട്ടില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും ആദിവാസികള്‍ക്കിടയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ജില്ലയില്‍ ഇപ്പോഴുള്ള 25 ക്ലസ്റ്ററുകളും ആദിവാസി കോളനികളിലാണ്. അതേസമയം നിലവിലെ പരിശോധനകള്‍ തുടര്‍ന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ രോഗികളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ശതമാനമാണ്. എന്നാല്‍ ആദിവാസി കോളനികളില്‍ ഇത് ശരാശരി 30 ശതമാനത്തിന് മുകളില്‍ വരും. അമ്പലവയല്‍, നെന്മേനി, വെള്ളമുണ്ട, ബത്തേരി, പനമരം എന്നിവിടങ്ങളിലാണ് രോഗികളില്‍ അധികവും. കോളനികള്‍ കേന്ദ്രീകരിച്ച് ആരോഗ്യ, പട്ടികവർഗവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിർത്തി ചെക് പോസ്റ്റിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കോളനികളില്‍ പ്രതിരോധ പ്രവർത്തനം സജീവമാക്കി. പരിശോധനയിലും ബോധവല്‍ക്കരണത്തിലും വാക്സിനേഷനിലുമാണ് മുഴുവൻ ശ്രദ്ധയും കൊടുത്തിരിക്കുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ തുടര്‍ന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ നിയന്ത്രണവിധേയമാക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. ഇതിനിടെ അവശ്യസര്‍വീസിലോഴികെയുള്ള മുഴുവന്‍ സര്ക്കാര്ജീവനക്കാര്ക്കും കോവിഡ് ചുമതലകള്‍ നല്കാന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. കൂടുതലുദ്യോഗസ്ഥരും ആദിവാസി മേഖലയിലായിരിക്കും സേവനം ചെയ്യുക. ആദിവാസി കോളനികളില്‍ ക്വാറന്റൈന് സംവിധാനത്തിന്റെ കുറവാണ് ഇപ്പോഴുള്ള പ്രധാന വെല്ലുവളി ഇത് പരിഹരിക്കാന്‍ കൂടുതല്‍ ക്വാറന്റൈൻ കേന്ദ്രങ്ങൾ തുടങ്ങുന്നതിനെകുറിച്ചും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്