സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു . പ്രതിവാര റിപ്പോർട്ടിലാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനം കുറയുന്നതായി വ്യക്തമാക്കിയത്. സംസ്ഥാനത്തെ 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു.
ഒക്ടോബർ-18 മുതൽ 24 വരെയുള്ള പ്രതിവാര കോവിഡ് വ്യാപന കണക്കുകളിലാണ് ആശ്വാസം നല്കുന്ന വിവരങ്ങള്‍ ഉള്ളത്. മലപ്പുറത്ത് 100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഇത് 20 ആയി കുറഞ്ഞു തൃശൂരിൽ 17 ൽ നിന്ന് 14 ആയും കോഴിക്കോട് 13 ആയും കുറവ് രേഖപ്പെടുത്തി. എറണാകുളം, കാസർകോട് ജില്ലകളിൽ 16 ശതമാനത്തിലേറെയായിരുന്ന ടെസ്റ്റ പോസ്റ്റിവിറ്റി നിരക്ക് യഥാക്രമം 14 ഉം 11 മായി കുറഞ്ഞു. എന്നാല്‍ കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്കില്‍ നേരിയ വർധനയുള്ളത്.
കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാൻ എടുക്കുന്ന ദിവസങ്ങൾ കൂടിയത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ദശലക്ഷത്തിൽ രോഗികളുടെ എണ്ണമെടുക്കുമ്പോഴുള്ള സംസ്ഥാന ശരാശരിയും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ 1766 ആയിരുന്ന നിരക്ക് 1497 ആയി കുറഞ്ഞു.