തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നു; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത: കേരളത്തില്‍ അധിശക്തമായ മഴ

 

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള നിക്കോബാര്‍ ദ്വീപുകളിലും എത്തി ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ ശനിയാഴ്ച മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്നും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദം വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തിപ്രാപിച്ചു തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും തുടര്‍ന്ന് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ചയോടെ തീവ്രതയേറി ഒഡിഷ-പശ്ചിമബംഗാള്‍ തീരത്തു എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നും നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികള്‍ ഞായറാഴ്ചയ്ക്കു മുന്‍പ് തീരത്തെത്തിച്ചേരണമെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.