Headlines

‘പിപി ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചു, മന്ത്രിമാര്‍ സഭ്യേതര പരാമര്‍ശം നടത്തി, സ്പീക്കര്‍ അതിനെല്ലാം കുടപിടിച്ചു’: ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

ശബരിമല സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്ന് നിയമസഭയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിനെതിരെ സഭ്യേതരമായ പരാമര്‍ശം നടത്തിയിട്ടും സ്പീക്കര്‍ അതിനെല്ലാം കുടപിടിച്ചുവെന്നാണ് വിമര്‍ശനം. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഭാഗത്തുനിന്ന് ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടായി. സ്പീക്കര്‍ ഒന്നും കാര്യമാക്കിയില്ല. അതേസമയം ഇന്നലെ ഗ്യാലറിയിരിക്കുന്ന കുട്ടികള്‍ എല്ലാം കാണുന്നുണ്ടെന്ന് പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ച സ്പീക്കറാണ് ഇതെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

പ്രതിപക്ഷ അംഗങ്ങളെ മന്ത്രി പി രാജീവും മന്ത്രി എം ബി രാജേഷും തുടര്‍ച്ചയായി അപമാനിച്ചുവെന്നും സഭ എങ്ങനെ അലങ്കോലപ്പെടുത്താമെന്നാണ് മന്ത്രിമാര്‍ ആലോചിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കണമെന്നും ആവശ്യമുന്നയിച്ച് സമാധാനപരമായ സമരമാണ് പ്രതിപക്ഷം നടത്തിയത്. അതിനിടെ എം വിന്‍സന്റിനെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞുവയ്ക്കുകയും അദ്ദേഹത്തിന് ശ്വാസതടസമുണ്ടാകുകയും ചെയ്തു. സനീഷ് കുമാര്‍ എംഎല്‍എയ്ക്ക് മുറിവേറ്റു. എന്നിട്ടും സഭ നടത്തിക്കൊണ്ട് പോകാന്‍ സ്പീക്കര്‍ ശ്രമിച്ചുവെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ശബരിമലയിലെ സ്വര്‍ണ മോഷണത്തില്‍ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം പ്രതിപക്ഷം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോ എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ചോദിക്കുന്നത്. എന്നെ വനവാസത്തിന് അയയ്ക്കാന്‍ എന്ത് താത്പര്യമാണ്? ഈ വിഷയങ്ങളെല്ലാം നടന്നെന്ന് പറയുന്ന 2019ല്‍ കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ടതോ വിറ്റതോ അല്ല കുഴപ്പം. അത് ചൂണ്ടിക്കാട്ടുന്നവര്‍ പോകണമെന്നാണ് പറയുന്നത്. ഇത് നല്ല തമാശയാണല്ലോ’. വി ഡി സതീശന്‍ പറഞ്ഞു.