വയനാടിന് അഭിമാനമായി തുടർ ഗണിത വിജയങ്ങളുമായി അമൻ ജോസ്

മാനന്തവാടി: ഇന്റർ കൊളീജിയറ്റ് ഗണിത ക്വിസ് മത്സരങ്ങളിൽ തുടർ വിജയങ്ങളുമായി ശ്രദ്ധേയനാവുകയാണ് അമൻ ജോസ്.വയനാട്ടിലെ എടവക പഞ്ചായത്തിൽ പാതിരിച്ചാൽ സ്വദേശിയാണ് അമൻ. മാന്നാനം കെ.ഇ കോളേജ്, കോട്ടയം ബസേലിയോസ് കോളേജ്,ചങ്ങനാശ്ശേരി സെന്റ് ബെർക്മാൻസ് കോളേജ് എന്നിവർ സംഘടിപ്പിച്ച വിവിധ ഗണിത ക്വിസ് മത്സരങ്ങളിലാണ് അമൻ ഒന്നാം സ്ഥാനമടക്കം കരസ്ഥമാക്കിയത്. മുമ്പ് പ്രസംഗ മത്സരങ്ങളിൽ ജേതാവായി വയനാട് ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയായും സ്പീക്കറായും അമൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ രചനാ മത്സരങ്ങളിലും മോണോ ആക്ടിലും ശാസ്ത്രമേളയിലുമെല്ലാം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുള്ള അമൻ ജോസ്, ഇപ്പോൾ അങ്കമാലി ഫിസാറ്റിലെ രണ്ടാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. മാനന്തവാടി സെന്റ് ജോസഫ്സ് ടി.ടി.ഐയിലെ അധ്യാപകനും പ്രശസ്ത ട്രെയിനറുമായ ജോസ് പള്ളത്തിന്റെയും കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ അധ്യാപിക മിനിയുടെയും മകനാണ് അമൻ ജോസ്. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാർത്ഥിനി അല ജോസ് സഹോദരിയാണ് .