അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് മന്ത്രി ആശംസകൾ നേർന്നത്.
നഴ്സുമാരുടെ സേവന തത്പരതയും മനുഷ്യജീവൻ രക്ഷിക്കാനുള്ള അവരുടെ പോരാട്ടവും ലോകമെമ്പാടും പ്രശംസനീയമാണ്. ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻമുറക്കാരായി മാറി ഓരോ മനുഷ്യനെയും ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് നഴ്സുമാർ. പരിചരിക്കുകയെന്നത് വലിയൊരു ധർമമാണ്.
മദർ തെരേസയെ പോലെ വേദന അനുഭവിക്കുന്നവരെ തലോടുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നത് ഏറ്റവും മഹത്തായ കർമമാണ്. കിട്ടുന്ന ശമ്പളം കുറവാണെങ്കിലും മനുഷ്യരെ പരിചരിക്കുകയെന്നതാണ് നഴ്സുമാർ ചെയ്യുന്നത്. നിപ മഹാമാരിക്കിടയിലും നഴ്സുമാരുടെ ത്യാഗത്തിന്റെ കഥ നമ്മൾ കണ്ടതാണ്. ലിനിയെ ആദരവോട് കൂടി ഓർമിക്കുന്നു. എല്ലാ നഴ്സുമാരും ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നും കെ കെ ശൈലജ ടീച്ചർ ആശംസിച്ചു.