സ്ഥിതിഗതികൾ രൂക്ഷമാകുന്നതായി മുഖ്യമന്ത്രി; ഓക്‌സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കും

 

കൊവിഡ് വ്യാപനം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഓക്‌സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആശുപത്രികളിലും സി എഫ് എൽ ടി സികളിലും ഓക്‌സിജൻ സപ്ലൈ ഉറപ്പാക്കും. ഇ എസ് ഐ കോർപറേഷൻ കീഴിയിലെ ആശുപത്രികളിലെ ബെഡുകൾ ഓക്‌സിജൻ ബെഡുകളാക്കി മാറ്റും

ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണിക്കും. ആരോഗ്യ പ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്‌നമായി മുന്നിലുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 13,625 പേർ കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായിട്ടുണ്ട്. കൂടുതൽ പേർ കൊവിഡ് ബ്രിഗേഡിലേക്ക് വരണം

സംസ്ഥാനത്ത് ആകെയുള്ള ചിത്രം സ്ഥിതിഗതികൾ രൂക്ഷമാകുന്നുവെന്നാണ്. തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സുഗമമായി നടക്കുന്നുണ്ട്.

നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും. നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.