റമദാനിൽ പള്ളികളിൽ അമ്പത് പേർ മാത്രം ; മരണാനന്തര ചടങ്ങുകൾക്ക് 20 പേർ

തിരുവനന്തപുരം: റമദാനിൽ പള്ളികളിലെ ആരാധനാകർമ്മങ്ങളിൽ അമ്പത് പേർ മാത്രം മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ പള്ളികളിൽ എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രം മതി. വിവാഹത്തിന് അമ്പത് പേർ മാത്രം. മദ്യശാലകൾ അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിലാക്കും. തിയേറ്ററും ഷോപ്പിങ് മാളും അടച്ചിടും. സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം മാത്രം ഹാജർ. ക്ലാസുകൾ മുഴുവനായും ഓൺലൈനാക്കി മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലപ്പെട്ടവർ മാത്രം മതി. പൊതുജനങ്ങൾക്ക് പ്രവേശനമില്ല- മുഖ്യമന്ത്രി വ്യക്തമാക്കി. വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദം പ്രകടനം വേണ്ട. കടുത്ത നിയന്ത്രണം വേണ്ടി വരും. അതിനിടെ, തിങ്കളാഴ്ച 21890 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 28 പേർ മരിച്ചു. രോഗവ്യാപനം ആശങ്കാജനകമാണ് എന്നും രോഗവ്യാപനത്തിലെ കുറവ് ആശ്വാസത്തിന്റെ സൂചനയല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.