മൂന്ന് ലക്ഷവും കടന്ന് പ്രതിദിന വർധനവ്; ഒറ്റ ദിവസത്തിനിടെ 3.14 ലക്ഷം കൊവിഡ് കേസ്, 2104 മരണം

 

കൊവിഡിൽ വിറങ്ങലിച്ച് ഇന്ത്യ. പ്രതിരോധ നടപടികളെല്ലാം പാളുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 3.14 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

3,14,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി ഉയർന്നു.

2104 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,84,657 ആയി. നിലവിൽ 22,91,428 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ലോകത്ത് തന്നെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് ജനുവരി 8ന് അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത 3.07 ലക്ഷം കേസുകളായിരുന്നു ലോകത്തെ ഏറ്റവുമുയർന്ന പ്രതിദിന വർധനവ്.