ജി സുധാകരനെതിരായ പരാതി; വീഡിയോ ദൃശ്യം ഹാജരാക്കാൻ പരാതിക്കാരിക്ക് നിർദേശം

 

മന്ത്രി ജി സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ തുടർ നടപടിയുമായി പോലീസ്. മന്ത്രി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിക്കുന്ന വാർത്താ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പോലീസ് പരാതിക്കാരിയോട് ആവശ്യപ്പെട്ടു.

പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പാർട്ടി നടത്തുന്ന ഒത്തുത്തീർപ്പ് ശ്രമങ്ങൾ ഏറെക്കുറെ പരാജയപ്പെട്ട നിലയിലാണ്. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്‌നം തീർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമുള്ള പരാതിയിൽ യുവതി ഉറച്ചു നിൽക്കുകയാണ്.