സാമൂഹിക പ്രവര്‍ത്തകയെ ഫെയിസ്ബുക്ക് വഴി അപമാനിച്ചതായി പരാതി;തിരുനെല്ലി എ എസ് ഐക്കെതിരെ കേസെടുത്തു

മാനന്തവാടി: സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ തിരുനെല്ലി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ എസ് ഐ അനില്‍കുമാറിനെതിരെ കേസെടുത്തു. ശ്രീജ ഫെയിസ്ബുക്കിലിട്ട പോസ്റ്റുകള്‍ക്ക് താഴെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തെറി വിളികളും വ്യക്തിയധിക്ഷേപങ്ങളും നടത്തിയെന്ന പരാതിയെ തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509, ഐ.ടി ആക്ടിലെ 67 വകുപ്പ് ,കേരള പോലീസ് ആക്ടിലെ വകുപ്പ് 120 (ഒ) തുടങ്ങിയവ പ്രകാരമാണ് കേസ്. ആഭ്യന്തര മന്ത്രി, ഡി ജി പി, വയനാട് എസ് പി, മാനന്തവാടി ഡി വൈ എസ് പി, തിരുനെല്ലി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ ശ്രീജ പരാതി നല്‍കിയതിനെ തുടർന്നാണ് നടപടി. ശ്രീജയുടെ പോസ്റ്റിന് താഴെ പോലീസുകാരന്‍ ലൈംഗികച്ചുവയോടെയുള്ളതും അല്ലാത്തതുമായ കമന്റുകൾ നടത്തിയതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.ഇതേ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി കേസെടുത്തത് . കൊല്ലം സ്വദേശിയാണ് അനിൽകുമാർ.