വാഷിംഗ്ടൺ; കൊവിഡിനെതിരായ പരീക്ഷണ വാക്സിൻ വിജയകരമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ബയോടെക് മോഡേണ വികസിപ്പിച്ച മരുന്നാണ് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നത്. 45 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഇതിൽ രണ്ട് ഡോസ് മരുന്ന് സ്വീകരിച്ചവരുടെ ശരീരങ്ങളിൽ കൊവിഡ് വൈറസുകളെ നശിപ്പിക്കുന്ന ആന്റിബോഡികൾ കൂടിയ അളവിൽ കണ്ടെത്തി. ഇത് കൊവിഡ് മുക്തരായവരിൽ കാണുന്ന ആന്റിബോഡികളെക്കാൾ കൂടിയ അളവിലാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മരുന്ന് പരീക്ഷിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പകുതിയിലധികം പേരിലും തളർച്ചയോ ചെറിയ തോതിലുള്ള ക്ഷീണം, തലവേദന, തണുപ്പ്, പേശിവേദന എന്നിവ കൂടാതെ മരുന്ന് കുത്തിവെയ്ച്ച ഭാഗത്ത് വേദനയോ അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഡോസിന് ശേഷവും ഏറ്റവും കൂടുതൽ ഡോസ് ലഭിച്ച ആളുകളിലുമാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു
കൊവിഡ് വൈറസിന്റെ ജനിതക ശ്രേണി കണ്ടെത്തി 66 ദിവസങ്ങൾക്ക് ശേഷം മെയ് 16 നാണ് മൊഡേണ ആദ്യമായി മനുഷ്യനിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചത്. പരീക്ഷണ വിജയം നല്ല വാർത്തയാണെന്നായിരുന്നു മരുന്ന് വികസിപ്പിച്ച സംഘത്തിന്റെ തലവൻ നാഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ഏന്റ് ഇൻഫെക്ഷസ് ഡിസീസ് ഡയറക്ടർ ആന്റണി ഫൗസി പ്രതികരിച്ചത്. 18-55 വയസ്സ് പ്രായമുള്ള 15 പേർക്കിടയിൽ പരീക്ഷിച്ചതിന്റെ ഫലമാണ് ചൊവ്വാഴ്ച കമ്പനി പുറത്തുവിട്ടത്. 28 ദിവസങ്ങൾക്കുള്ളിൽ രണ്ട് തവണയാണ് ഇവരിൽ മരുന്ന് കുത്തിവെച്ചത്. 25, 100,250 തുടങ്ങി വ്യത്യസ്ത ഡോസേജ് മരുന്നാണ് ഇവരിൽ പരീക്ഷിച്ചത്.