ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ഇതുവരെ 14 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. തുരങ്കത്തിൽ കുടങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.
15 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. 154 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. അപകടത്തെ തുടർന്ന് 13 ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. രണ്ട് തുരങ്കങ്ങളിലായി നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്.
ഇന്നലെ രാത്രി നിർത്തിവെച്ച രക്ഷാപ്രവർത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കുകയായിരുന്നു. അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിട്ടുണ്ട്.

 
                         
                         
                         
                         
                         
                        
