കേന്ദ്ര ബജറ്റ് 2021-22: ആരോഗ്യമേഖലയില്‍ 2 ലക്ഷം കോടി; കൊവിഡ് വാക്‌സിന് 35,000 കോടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന. ഈ മേഖലയ്ക്ക് 2 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

ആത്മനിര്‍ഭര്‍ സ്വസ്ഥ്യഭാരത് യോജനക്ക് ആറ് വര്‍ഷത്തേക്ക് 64,180 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇത് മൂന്ന് തലത്തിലുമുള്ള ആരോഗ്യസംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കും.

ദേശീയ ആരോഗ്യമിഷനുവേണ്ടി ഗ്രാമങ്ങളില്‍ 17,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 11,000 കോടി നഗരപ്രദേശത്തെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്താനും ഉപയോഗിക്കും.

602 ജില്ലകളില്‍ ബ്ലോക്ക് തലത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ ചികില്‍സാകേന്ദ്രങ്ങള്‍ സ്ഥാപിക്കും. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വേണ്ടി മിഷന്‍ പോഷന്‍ 2.0 പദ്ധതി, 112 ജില്ലകളില്‍ നടപ്പാക്കും.

അര്‍ബന്‍ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി അഞ്ച് വര്‍ഷത്തേക്ക് 2.87 ലക്ഷം കോടി നീക്കിവച്ചിട്ടുണ്ട്.

നഗരങ്ങളിലെ സ്വച്ഛ്ഭാരത് മിഷനും പണം നീക്കിവച്ചിട്ടുണ്ട്. വായുമലിനീകരണം ചെറുക്കാന്‍ 32 നഗരങ്ങളിലായി 2,217 കോടി രൂപ മാറ്റിവയ്ക്കും.

കൊവിഡ് വാക്‌സിനുവേണ്ടി 35,000 കോടി നീക്കവിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കും.