കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈ – കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര – കൊല്ലം ഇടനാഴിക്കും ബജറ്റില്‍ അനുമതി നല്‍കി. കേരളത്തില്‍ 1,100 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കും.
കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1967.05 കോടി രൂപയും അനുവദിച്ചു. രണ്ടാംഘട്ടത്തില്‍ 11.5 കിലേമീറ്റര്‍ ദൂരത്തിലായിരിക്കും മെട്രോ വിപുലീകരണം. ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ ജല്‍ ജീവന്‍ മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ വകയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 42 നഗരങ്ങളില്‍ ശുദ്ധവായു പദ്ധതി നടപ്പിലാക്കും.
പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുമുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഏഴ് മെഗാ ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതി വികസിപ്പിക്കും. ആരോഗ്യമേഖലയ്ക്ക് 64,180 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയിച്ചുവെന്നും ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു.

 
                         
                         
                         
                         
                         
                        
