കൊവിഡില്‍ തളര്‍ന്ന് വാള്‍ട്ട് ഡിസ്നിയും; 32,000 ജീവനക്കാരെ പിരിച്ചുവിടുന്നു

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല അന്താരാഷ്ട്ര കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു. കൊവിഡ് വരുത്തിവച്ച സാമ്പത്തിക മാന്ദ്യം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡിസ്നിയും ഇപ്പോള്‍ 32,000ഓളം ജീവനക്കാരെ പിരിട്ടുവിടുന്നു. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കില്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെയാണ് പുറത്താക്കുന്നതെന്ന് റിപ്പോര്‍ട്ട്. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ, 28,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഉപഭോക്താക്കളുടെ കുറവ് തന്നെയാണ് കമ്പനിയെ ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരുന്നു കമ്പനി പ്രഖ്യാപിച്ചത്. നോര്‍ത്ത് അമേരിക്ക, എഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലെ പാര്‍ക്കുകള്‍ മാര്‍ച്ച് , മേയ് മാസത്തോടെ പൂര്‍ണമായും അടച്ചിരുന്നു. നിലവില്‍ ഷാങ്ഹായ്, ഫ്ളോറിഡ എന്നിവിടങ്ങളിലെ പാര്‍ക്കുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്.

എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് തുറന്നിടത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതോടെ ആളുകളുടെ വരവ് വളരെ കുറവായിരുന്നു. ഉപഭോക്താക്കള്‍ പഴയതുപോലെ എത്താത്തത് തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാനകാരണം. കമ്പനിയുടെ വരുമാനം ഇപ്പോള്‍ ക്രമേണ കുറഞ്ഞുവരുന്ന സ്ഥതിയാണുള്ളത്. ലോകത്തിലെ തന്നെ രണ്ടാമത്തെ മീഡിയ എന്റര്‍ടെയിന്‍മെന്റ് കോര്‍പ്പറേഷനാണ് വാള്‍ട്ട് ഡിസ്നി.