ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷ് കുമാറും

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയിലെ ഒരു വിഭാഗം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ്
ആവശ്യം. ബിനീഷിനെ പുറത്താക്കണമെന്നും സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ പുറത്താക്കണമെന്ന ആവശ്യത്തെ എല്‍ഡിഎഫ് എംഎല്‍എമാരും അമ്മ ഭാരവാഹികളുമായ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം, ബിനീഷിന്റെ അംഗത്വം റദ്ദാക്കലില്‍ തീരുമാനമെടുക്കല്‍ തുടങ്ങിയവയാണ് അമ്മ ഭാരവാഹി യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

അമ്മയില്‍ നിന്നും നടി പാര്‍വതി രാജിവെച്ചത് സംഘടന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്ന് നടന്‍ ബാബുരാജ് യോഗത്തിന് മുന്നേ വ്യക്തമാക്കിയിരുന്നു. വിവാദ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അംഗങ്ങള്‍ കൊഴിഞ്ഞ് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബാബുരാജ് പറഞ്ഞു. വിഷയത്തെ ഗൗരവമായി കാണുമെന്നും നടന്‍ പറഞ്ഞു. പാര്‍വതിയും ഇടവേള ബാബുവുമായി ഉള്ള പ്രശ്‌നം അമ്മ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് നടി രചന നാരായണന്‍ കുട്ടിയും വ്യക്തമാക്കി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതിയുടെ രാജി.