കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ബത്തേരി നഗരസഭയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നേരിട്ടുള്ള വില്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ പഴയമാര്‍ക്കറ്റ്, ചുങ്കം പുതിയ സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാര്‍ക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ മാര്‍ക്കറ്റ്, കോട്ടക്കുന്നിലെ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ നേരിട്ടുള്ള പ്രവര്‍ത്തനം നാളെ (21/11/2020) വൈകീട്ട് അഞ്ച് മുതല്‍ ഒരാഴ്ചകാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഇവിടങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, കയ്യുറകള്‍ എന്നിവ ധരിക്കാതെയാണ് മത്സ്യ/മാംസ വില്‍പന നടത്തിവരുന്നതെന്ന് വിവരം ലഭിച്ച അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ഈ മാര്‍ക്കറ്റുകളിലെ കടകള്‍ക്ക് ഹോം ഡെലിവറിയായി തുടര്‍ന്നും വ്യാപാരം നടത്താവുന്നതാണ്. ഫോണ്‍ നമ്പറിലൂടെ ബുക്ക് ചെയ്ത് മത്സ്യവും മാംസവും വിതരണം ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറി ആവശ്യമായ സൗകര്യം ചെയ്യണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. മേല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് 24 ന് മുനിസിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. സുല്‍ത്താന്‍ ബത്തേരി പൊലീസ് മേല്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക പരിശോധന നടത്തും. മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍മാര്‍ മത്സ്യമാംസ മാര്‍ക്കറ്റുകള്‍ പരിശോധിച്ച് കോവിഡ് പ്രട്ടോക്കോള്‍ പാലിച്ചാണ് കച്ചവടം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.