ജനകീയ പങ്കാളിത്തത്തോടെ ദുരന്തങ്ങളെ അതിജീവിച്ച് മേപ്പാടി പഞ്ചായത്ത്

 

ജനകീയപങ്കാളിത്തത്തോടെ ഭരണനേട്ടങ്ങള്‍ ഉറപ്പ് വരുത്തുകയാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. ഭരണസമിതിയുടെ കാലാവധി തീരുന്നതിന് മുമ്പ് സാധ്യമായ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ. സഹദ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ തുടര്‍ച്ചയായ പ്രകൃതി ക്ഷോഭങ്ങളില്‍ ജില്ലയില്‍ തന്നെ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ഒന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. എന്നാല്‍ പ്രതിസന്ധികള്‍ക്ക് തകര്‍ക്കാന്‍ സാധിക്കാത്ത വിധം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നഷ്ടമായതെല്ലാം തിരിച്ച് പിടിച്ചിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവരെ കൂടി പരിഗണിക്കുന്നതാണ് പദ്ധതികള്‍.

 

പുത്തുമല പ്രളയബാധിതര്‍ക്കായി പൂത്തകൊല്ലിയില്‍ ഒരുങ്ങുന്ന ഭവനങ്ങള്‍ പഞ്ചായത്തിന്റെ സുപ്രധാന പദ്ധതികളിലൊന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെയാണ് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്. വരും വര്‍ഷങ്ങളില്‍ വീണ്ടും പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി പ്രളയത്തിന് കാരണമായ പുഴയോരത്തെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും തോടുകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തും മുന്നൊരുക്കങ്ങള്‍ നടത്താനും പഞ്ചായത്ത് ശ്രദ്ധ ചെലുത്തി.

 

വിദ്യാലയങ്ങളെ മാത്രം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ്പോക്ക് തടയുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വരും വര്‍ഷങ്ങളില്‍ നടത്താവുന്ന പുതിയ നിര്‍മ്മാണങ്ങള്‍ക്ക് ആവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക ഫര്‍ണ്ണിച്ചര്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയോട് കൂടി എട്ട് ഹൈടെക് സ്മാര്‍ട്ട് ക്ലാസ്സ് മുറികളാണ് ഒരുക്കിയത്. മലയാള ഭാഷ എഴുതാനും വായിക്കാനും അറിയാത്ത 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികളെ കണ്ടെത്തി എസ്.എസ്.എയുടെ സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും അവരെ എഴുതാനും വായിക്കാനും പ്രാപ്തരാക്കുകയും ചെയ്തു.

 

മലയാളത്തിളക്കം എന്ന ഈ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് മേപ്പാടി ഗ്രാമപഞ്ചായത്തിലാണ്. മലയാളത്തിളക്കം വിജയകരമായതോടെ സംസ്ഥാനത്തെ മുഴുന്‍ ഗ്രാമപഞ്ചായത്തുകളിലും പൊതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കി. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം കുട്ടികളില്‍ ഉറപ്പാക്കാനായി സമൂഹ ബന്ധിത ഇംഗ്ലീഷ് ഭാഷാ ആര്‍ജ്ജന പരിപാടി (ക്ലാപ്പ്) ആരംഭിച്ചു. നാല് ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. പഠനം എളുപ്പമാക്കുന്നതിനായി ക്യൂ ആര്‍ കോഡ് സംവിധാനത്തോടെ തയ്യാറാക്കിയ കാര്‍ഡുകളും വര്‍ക്ക് ഷീറ്റുകളും കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മധുര മിഠായി പദ്ധതിയ്ക്കും പഞ്ചായത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. 2.50 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. കോട്ടനാട് ജി.യു.പി. സ്‌കൂളിലും മേപ്പാടി ഹൈസ്‌കൂളിലെ യു.പി വിഭാഗത്തിലുമായി ഒരു ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച പെഡഗോജിക്കല്‍ സയന്‍സ് പാര്‍ക്കും വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളില്‍ ഒന്നാണ്. കുട്ടികളില്‍ കലാവാസന പരിപോഷിപ്പിക്കുന്നതിനായി നൃത്ത സംഗീത വിദ്യാലയം ആരംഭിക്കുകയും ചെയ്തു. അന്നപൂര്‍ണ്ണ ട്രസ്റ്റിന്റെ സഹായത്തോടെ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാത ഭക്ഷണവും ഉറപ്പ് വരുത്തുന്നുണ്ട്. ശിശു സൗഹൃദ അംഗന്‍വാടികളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബഡ്സ് സ്‌കൂളും പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

ആദിവാസി മേഖലയിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി ട്രൈബല്‍ ഫുട്ബോള്‍ ഫെസ്റ്റിവല്‍ നടത്തി. പഞ്ചായത്തിലെ 63 കോളനികള്‍ തമ്മിലായിരുന്നു ഫുട്ബോള്‍ മത്സരം. കലാ കായിക രംഗത്ത് പുതുതലമുറയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത 450 കുട്ടികള്‍ക്ക് വിവിധ കേന്ദ്രങ്ങളിലായി ഫുട്ബോള്‍ പരിശീലനും നല്‍കി വരുന്നുണ്ട്. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായി ആരംഭിച്ച ഡിജിറ്റല്‍ കുടിവെള്ള വിതരണമാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രധാന പദ്ധതി. ഉപഭോക്താക്കള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനും ജലം പാഴാകുന്നത് തടയാനും ഡിജിറ്റല്‍ കുടിവെള്ള പദ്ധതിയിലൂടെ സാധിക്കും. വയോജനങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കും ആരോഗ്യ പാക്കേജില്‍ സൗജന്യ മരുന്നും ഹോം കെയറും നല്‍കുന്നുണ്ട്. പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനവും പഞ്ചായത്തില്‍ മുടക്കമില്ലാതെ നടന്നു വരുന്നുണ്ട്.

 

പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റിയ വ്യത്യസ്ഥ പദ്ധതികള്‍ക്കാണ് അഞ്ചു വര്‍ഷത്തിനിടെ ഭരണസമിതി നടപ്പിലാക്കിയത്. പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്താമെന്നതിനുള്ള ഉദാഹരണമാണ് ഗ്രാമ പഞ്ചായത്തിന്റെ നേട്ടങ്ങള്‍.