ഡല്‍ഹിക്ക് കടിഞ്ഞാണിട്ട് മുംബൈ; 5 വിക്കറ്റ് ജയം

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് ലക്ഷ്യം മുംബൈ 2 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. ക്വിന്റണ്‍ ഡികോക്ക് (36 പന്തില്‍ 53), സൂര്യകുമാര്‍ യാദവ് (32 പന്തില്‍ 53) എന്നിവരുടെ ബാറ്റിങ് മികവിലാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് 5 വിക്കറ്റ് ജയം പിടിച്ചെടുത്തത്. അവസാനഘട്ടത്തില്‍ തുടരെ വിക്കറ്റുവീണെങ്കിലും ഇഷന്‍ കിഷനും – കീറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് മുംബൈയ്ക്ക് ജയം വാങ്ങിക്കൊടുക്കുകയായിരുന്നു. ഡല്‍ഹി നിരയില്‍ കഗീസോ റബാദയ്ക്ക് രണ്ടു വിക്കറ്റുകളുണ്ട്. അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോവിക്കറ്റുവീതം കണ്ടെത്തി.

പവര്‍പ്ലേയ്ക്ക് മുന്‍പ് നായകന്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടെങ്കിലും ക്വിന്റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവും നടത്തിയ പോരാട്ടമാണ് മുംബൈ ഇന്നിങ്‌സിന്റെ നെടുംതൂണായത്. അക്‌സര്‍ പട്ടേലിനാണ് രോഹിത് ശര്‍മയുടെ വിക്കറ്റ്. തുടര്‍ന്ന് 10 ആം ഓവറില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഡികോക്കിനെ തിരിച്ചയച്ചു. ഈ സമയം മുംബൈ സ്‌കോര്‍ രണ്ടിന് 77. 15, 16 ഓവറുകളില്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും പെട്ടെന്നു പുറത്തായതാണ് മുംബൈയെ അപ്രതീക്ഷിതമായി സമ്മര്‍ദ്ദത്തിലാക്കിയത്. യാദവിനെ റബാദയും ഹാര്‍ദിക്കിനെ (0) സ്റ്റോയിനിസും മടക്കുകയായിരുന്നു. എന്നാല്‍ ഇഷന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും ക്രീസില്‍ നിലയുറച്ചു നിന്നു. ഇതേസമയം, 18 ആം ഓവറിൽ റബാദ കിഷന്റെ (15 പന്തിൽ 28) വിക്കറ്റുവീഴ്ത്തി. എന്നാൽ ഈ സമയംകൊണ്ട് മുംബൈ ജയത്തിന് 11 റൺസ് അകലെ എത്തിയിരുന്നു. അവസാന ഓവറിലെ നാലാം പന്തിൽ ക്രുണാൽ പാണ്ഡ്യയുടെ ബൌണ്ടറി മുംബൈയുടെ ജയം ഉറപ്പാക്കി.

 

നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി പിന്നിട്ട ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. ധവാന്‍ 52 പന്തില്‍ 69 റണ്‍സെടുത്തു. മുംബൈ നിരയില്‍ ക്രൂണാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു; ട്രെന്‍ഡ് ബൗള്‍ട്ട് ഒന്നും.

ടീമില്‍ ഒരുപിടി മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയ്ക്ക് എതിരെ ഇറങ്ങിയത്. നീണ്ട കാത്തിരിപ്പിന് ശേഷം അജിങ്ക്യ രഹാനെയ്ക്ക് പ്ലേയിങ് ഇലവനില്‍ അവസരം കിട്ടി. റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് ശ്രേയസ് രഹാനെയെ കളിപ്പിച്ചത്. ഷിമ്രോണ്‍ ഹെറ്റ്മയറിന് പകരം അലെക്‌സ് കാരിയും രംഗത്തിറങ്ങി. വീഴ്ച്ചയോടെയാണ് ഡല്‍ഹിയുടെ തുടക്കം. ആദ്യ ഓവറില്‍ പൃഥ്വി ഷാ (3 പന്തില്‍ 4) ട്രെന്‍ഡ് ബൗള്‍ട്ടിന് മുന്നില്‍ പതറി. തുടര്‍ന്നാണ് രഹാനെയുടെ രംഗപ്രവേശം. പാറ്റിന്‍സണിനെയും ബൗള്‍ട്ടിനെയും കരുതലോടെ രഹാനെ നേരിട്ടു. എന്നാല്‍ ഇടവേളകളില്‍ ക്ലാസിക് ഷോട്ടുകളിലൂടെ ബൗണ്ടറി കണ്ടെത്താനും താരത്തിന് സാധിച്ചു. പക്ഷെ കിട്ടിയ അവസരം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ രഹാനെയ്ക്ക് കഴിഞ്ഞില്ല. നാലാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ രഹാനെയെ (15 പന്തില്‍ 15) വിക്കറ്റിന് മുന്നില്‍ കുരുക്കി. ശേഷമാണ് ശ്രേയസ് അയ്യറും ശിഖര്‍ ധവാനും ക്രീസില്‍ ഒന്നിക്കുന്നത്. ഇരുവരും സാവധാനം ഡല്‍ഹിയുടെ സ്‌കോര്‍ പടുത്തുയര്‍ത്തി. ഫലമോ, 10 ആം ഓവറില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ടീം 80 റണ്‍സ് പിന്നിട്ടു.

15 ആം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയാണ് ഡല്‍ഹിയെ വീണ്ടും പ്രതിരോധത്തിലാക്കിയത്. അര്‍ധ സെഞ്ച്വറിക്ക് 8 റണ്‍സ് അകലെ ശ്രേയസ് അയ്യര്‍ (33 പന്തില്‍ 42) പാണ്ഡ്യയ്ക്ക് കീഴടങ്ങി. ഓവറിലെ നാലാം പന്തില്‍ സിക്‌സിന് ശ്രമിച്ചതായിരുന്നു താരം. എന്നാല്‍ പന്ത് മിഡ് വിക്കറ്റില്‍ നിന്ന ബൗള്‍ട്ടിന്റെ കൈകളില്‍ ഭദ്രമായി ചെന്നിറങ്ങി. ശേഷമെത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് ഡല്‍ഹിയുടെ സ്‌കോറിങ്ങിന് ചടുലത സമ്മാനിച്ചു. ബൗള്‍ട്ടെറിഞ്ഞ 16 ആം ഓവറില്‍ മൂന്നു ഫോറടക്കം 16 റണ്‍സാണ് ധവാന്‍ – സ്‌റ്റോയിനിസ് കൂട്ടുകെട്ട് അടിച്ചെടുത്തത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സ്‌റ്റോയിനിസ് (8 പന്തില്‍ 13) റണ്ണൗട്ടില്‍ പുറത്തായി.