കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യത്തിന് പരിഗണന നല്‍കി പുതിയ പദ്ധതികള്‍ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയില്‍ ഒരാഴ്ചയില്‍ ശരാശരി ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണം സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്നര മാസത്തിനിടയില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ 14 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 388 ജീവനക്കാര്‍ വിവിധ രോഗങ്ങളാല്‍ മരണപ്പെടുകയും ചെയ്തു.
അതിനാല്‍ ജീവനക്കാരുടെ ആരോഗ്യത്തിന് പരിഗണന നല്‍കിയാണ് പുതിയ പദ്ധതി ആവിഷ്‌കരണം. തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കും മറ്റുള്ള ജില്ലകളില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് മെഡിക്കല്‍ ചെക്ക്അപ്പും നടത്തുന്നതിന് വേണ്ടി 29 ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡിപ്പോ ഉള്ളത്. അതുകൊണ്ട് ജീവനക്കാരും കൂടുതലാണ്. ഇവരുടെ മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കും. ഇതിനായി ഒരു ബസിനെ രൂപമാറ്റം വരുത്തി ഡോക്ടര്‍, നേഴ്സ്, ലാബ് ടെക്നീഷ്യന്‍ എന്നിവരോടൊപ്പം ഒരു പരിശോധന ലാബ് കൂടെ സജ്ജീകരിച്ച് ഓരോ ഡിപ്പോകളിലും എത്തി ജീവനക്കാരെ പരിശോധിക്കും.